വികാസ് യാദവിനെ കൈമാറാൻ നിയമതടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും; ഡേവിഡ് ഹെഡ്‍ലിയെ കൈമാറാൻ ആവശ്യപ്പെടും

Advertisement

ന്യൂഡൽഹി: പന്നു വധശ്രമ കേസിൽ മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ കൈമാറാൻ നിയമ തടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും. യാദവ് ഇന്ത്യയിൽ ക്രിമിനൽ കേസിൽ വിചാരണ നേരിടേണ്ടി വരുമെന്നാണ് അറിയിക്കുക. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി എന്ന് ദാവൂദ് ജിലാനിയെ കൈമാറണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെടും. അതേസമയം ഖാലിസ്ഥാൻ ഭീകരരായ ഗുർപത്വന്ത് സിംഗ് പന്നുവിനെയും ഹർദീപ് സിംഗ് നിജ്ജറിനെയും വധിക്കാൻ ഇന്ത്യ ഒരേ പദ്ധതി തയ്യാറാക്കിയെന്ന് കാനഡ ആരോപിച്ചു.

വികാസ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പന്നുവിനെ വധിക്കാൻ നിർദേശം നൽകിയതെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം വികാസ് യാദവ് ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു. ഗുർപത്വന്ത് സിംഗ് പന്നു നിലവിൽ അമേരിക്കൻ പൌരനാണ്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നാണ് അമേരിക്കയുടെ ആരോപണം. തുടർന്ന് നിഖിൽ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാൽ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏൽപ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്‍റിനെയായിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. തുടർന്ന് നിഖിൽ ഗുപ്തയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏജന്‍റ് അമേരിക്കൻ സർക്കാരിന് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും അമേരിക്ക ആരോപിച്ചു. അമേരിക്കൻ പൗരനായ പന്നുവിന് അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ട്. ഇതിനെതിരെ ആര് പ്രവർത്തിച്ചാലും കർശനമായി നേരിടുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ വ്യക്തമാക്കി. മുൻ സൈനികൻ കൂടിയായ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനറെ ചിത്രം ഉൾപ്പെടുത്തി അമേരിക്ക അറസ്റ്റ് വാറണ്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

Advertisement