ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്നെന്ന് ആരോപണം

Advertisement

ലഖ്നൗ: ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്ത യുവതി, മണിക്കൂറുകൾക്ക് ശേഷം ഭർത്താവിനെ വിഷം കൊടുത്ത് കൊന്നതായി ആരോപണം. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള കദ ധാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇസ്‍മയിൽപൂർ ഗ്രാമത്തിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈലേശ് കുമാർ (32) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ശൈലേഷ് കുമാറിന്റെ ഭാര്യ സവിതയാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതെന്നാണ് ആരോപണം. ഷൈലേശിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നും ഇതിന് ശേഷമാണ് വിഷം കൊടുത്തതെന്നും പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സവിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.

ഞായറാഴ്ച കർവ ചൗത്ത് ആചാരത്തിന്റെ ഭാഗമായി ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി സവിത വ്രതമെടുത്തിരുന്നു. ഷൈലേശ് രാവിലെ മുതൽ ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. വൈകുന്നേരം വ്രതം അവസാനിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ അധികം വൈകാതെ അത് പരിഹരിക്കപ്പെടുകയും ചെയ്തു. ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പിന്നീട് സവിത ഒരു ബന്ധുവിന്റെ വീട്ടിൽ പോകാൻ ഷൈലേശിനോട് അനുവാദം ചോദിച്ചു. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ സവിത പിന്നീട് മടങ്ങിവന്നില്ല.

ഷൈലേശിന്റെ സഹോദരൻ അഖിലേഷാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് ഷൈലേശ് ആരോപിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആശുപത്രിയിൽ വെച്ച് ഇയാൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ചികിത്സയിലിക്കെയാണ് ഷൈലേശ് മരണപ്പെടുന്നത്. പിന്നാലെ സവിത അറസ്റ്റിലായി. മൃതദേഹത്തിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.

Advertisement