ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾ കൊടി മുറിക്കുന്നത് യൂട്യൂബിൽ; പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ

Advertisement

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ. ഇർഫാൻ മകളുടെ പൊക്കിൾകൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്‍റെ യൂട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ ഇർഫാനാണ് മകളുടെ ജനനത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്.

ജൂലൈയിൽ പ്രസവത്തിനായി ഇർഫാന്റെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ ഇർഫാൻ കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിക്കുന്നതും കാണാം. ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിൾ കൊടി മുറിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങൾ തേടി.

സംഭവത്തിൽ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന ഡോക്ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ ആന്‍റ് റൂറൽ ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ. ജെ രാജമൂർത്തി പറഞ്ഞു. ഇർഫാനും ആരോഗ്യവകുപ്പ് നോട്ടീസ് അയക്കും. ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയതിൽ ഇർഫാൻ നേരത്തെ വിവാദത്തിലായിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കിയും തടിയൂരിയെങ്കിലും ഇക്കുറി നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

Advertisement