സെപ്റ്റംബറില്‍ ഇന്ത്യന്‍ സിനിമക്ക് 1,066 കോടി വരുമാനം; ടോപ്പ് 10’ല്‍ രണ്ട് മലയാള ചിത്രങ്ങള്‍

Advertisement

ചെന്നൈ: ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് കഷ്ടകാലമായിരുന്നെങ്കിലും പൊതുവില്‍ നല്ല വര്‍ഷമമായിരുന്നു ഇന്ത്യന്‍ സിനിമക്ക് 2024. ബോളിവുഡിന് കരുതിയപോലുള്ള വിജയക്കുതിപ്പ് കാര്യമായി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് സംഭവിച്ചില്ലെങ്കിലും മറുഭാഷാ സിനിമാ വ്യവസായങ്ങളില്‍ പ്രത്യേകിച്ചും തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച വിജയമാണ് വര്‍ഷം സമ്മാനിച്ചത്.

സെപ്റ്റംബര്‍ മാസത്തെ ഇന്ത്യന്‍ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മൊത്തം കളക്ഷന്‍ നോക്കിയാല്‍ ഹിന്ദി സിനിമയെ വെല്ലാന്‍ ഇപ്പോഴും മറ്റ് ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് പരമാര്‍ഥം.

ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ കളക്ഷന്‍ ലഭിച്ച മാസം. പല ഭാഷകളില്‍ നിന്നായി സെപ്റ്റംബറില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യയില്‍ നിന്നു തന്നെ ആകെ നേടിയ ഗ്രോസ് കളക്ഷന്‍ 1,066 കോടി വരും!. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദേവര പാര്‍ട്ട് 1 ആണ് സെപ്റ്റംബറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ. ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് 337 കോടിയാണ് ചിത്രം നേടിയത്.

രണ്ടാം സ്ഥാനത്ത് വിജയ് നായകനായ ഗോട്ട് ആണ്. 293 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍. മൂന്ന്, നാല് സ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങളാണെന്നത് മലയാളികള്‍ക്ക് അഭിമാനമാണ്. ഈ രണ്ടു ചിത്രങ്ങളും ഓണം റിലീസുകളായെത്തിയവയാണ്. അജയന്റെ രണ്ടാം മോഷണമാണ് മൂന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍ 76 കോടിയാണ്. നാലാം സ്ഥാനത്ത് കിഷ്‌കിന്ധാ കാണ്ഡവും 49 കോടിയാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം കിഷ്‌കിന്ധാ കാണ്ഡം ഇവിടെ നിന്ന് നേടിയത്.

Advertisement