ജനന തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി

Advertisement

ജനന തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ആധാറിലെ ജനന തിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒരാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ജനനതിയ തിയതി നിര്‍ണയിക്കാനോ സ്ഥിരീകരിക്കാനോ ഉള്ള തെളിവായി ആധാര്‍ കാര്‍ഡിനെ കാണാനാവില്ല. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം.
മരിച്ചയാളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ ആധാര്‍ കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, നിയമപരമായ അംഗീകാരമുള്ള സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയില്‍ നിന്ന് മരിച്ചയാളുടെ പ്രായം കൂടുതല്‍ ആധികാരികമായി നിര്‍ണയിക്കാമെന്ന് കോടതി നിരീക്ഷിച്ചു. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
2015-ല്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 19.35 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. എന്നാല്‍ പ്രായം സ്ഥിരീകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇത് 9.22 ലക്ഷമായി കുറയ്ക്കുകയായിരുന്നു. മരിച്ചയാളുടെ പ്രായം കണക്കാക്കാന്‍ ഹൈക്കോടതി ആധാര്‍ കാര്‍ഡിനെയാണ് ആശ്രയിച്ചതെന്നും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പ്രായം സ്ഥിരീകരിച്ച ഹൈക്കോടതി പിഴവ് വരുത്തിയെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here