വിവാഹത്തിന് നിർബന്ധിച്ചു, ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി

Advertisement

ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.

സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണി ഏഴു മാസം ഗർഭിണിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻ‌സ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു.