ചൈനീസ് ഉത്പന്നങ്ങള്‍ പടിക്ക് പുറത്ത്; ദീപാവലി തിളങ്ങും സ്വദേശി വര്‍ണങ്ങളില്‍

Advertisement

ദീപാവലി ആഘോഷിക്കാന്‍ നാടൊരുങ്ങുമ്പോള്‍ വിപണി നിറയുന്നത് സ്വദേശി ഉത്പന്നങ്ങള്‍. മധുരപലഹാരങ്ങളുടെയും ഉപഹാരങ്ങളുടെയും മണ്‍ചെരാതുകളുടെയും വലിയ നിരയാണ് വടക്കന്‍ സംസ്ഥാനങ്ങളിലെ നിരത്തുകളില്‍. ലോക്കല്‍ ഫോര്‍ വോക്കല്‍ ആശയങ്ങളുടെ പ്രേരണയിലാണ് ഗ്രാമീണ സംരംഭകര്‍ ദീപാവലി വിപണിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പടക്കങ്ങളും കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും അടക്കം എല്ലാ മേഖലയിലും ചൈനീസ് ഉത്പന്നങ്ങളെ പുറത്ത് നിര്‍ത്തിയാണ് ഇക്കുറി ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നത്.
വിദേശി ഉത്പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. ക്ഷേത്രങ്ങളും വീടുകളും തദ്ദേശീയമായി തയാറാക്കിയ അലങ്കാര വസ്തുക്കള്‍കൊണ്ട് മോടി പിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമീണ സംരംഭകര്‍ പറയുന്നു. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമടക്കം അലങ്കരിക്കുന്നതിനുള്ള തോരണങ്ങളും കൊടികളും മറ്റും ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് വനിതാ സംരംഭകര്‍ എത്തിക്കും. നൂല്‍ നൂറ്റ് അതുകൊണ്ട് നിര്‍മ്മിക്കുന്ന മാലകളാകും ക്ഷേത്രത്തെ മനോഹരമാക്കുക.
എല്ലാ വീടുകളിലും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ചെരാതുകള്‍ ഉപയോഗിക്കണമെന്ന ആഹ്വാനവുമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ സ്വദേശി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളെക്കാള്‍ വില കുറഞ്ഞതും നിലവാരമുള്ളതുമായ ചെരാതുകളും നിലവിളക്കുകളും എല്‍ഇഡി ബള്‍ബുകളും ഒരുക്കിയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും എത്തുന്നത്.
മാലകളും കരകൗശലവസ്തുക്കളും നെയ്യുന്നതിനുള്ള ചരടുകള്‍ ഈ കാലയളവിലാണ് കൂടുതല്‍ വിറ്റഴിയുന്നത്. നേരത്തെ ചൈനീസ് കമ്പനികളുടെ ചരടുകളാണ് വിപണികളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായി. ഹരിയാനയിലെ ഗ്രാമങ്ങളിലെ നൂറ് പേരടങ്ങുന്ന വനിതാസംരംഭങ്ങള്‍ നൂ
ല്‍ നെയ്ത് പിന്നി ചരടുണ്ടാക്കുന്ന പ്രവര്‍ത്തനം തുടര്‍ച്ചയായി ചെയ്യുന്നു. നൂല്‍ നെയ്ത് പിന്നി ചരടാക്കി ചായം മുക്കിയാണ് ഇത് വിപണിയിലെത്തിക്കുന്നത്. ഓരോ യൂണിറ്റും 25000 വര്‍ണച്ചരടുകള്‍ ഇങ്ങനെ നിര്‍മിച്ച് കച്ചവടസ്ഥാപനങ്ങളിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വലിയ തോതില്‍ എത്തിക്കാറുണ്ടെന്ന് സംരംഭകര്‍ പറയുന്നു.

Advertisement