ന്യൂദല്‍ഹി: ഇഎസ്ഐ ശമ്പള പരിധി ഉയര്‍ത്തുന്നത് പരിഗണനയിലാണെന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറിയും ഇഎസ്ഐ ബോര്‍ഡ് മെമ്പരുമായ എസ്. ദുരൈരാജ് അറിയിച്ചു.
ഇഎസ്ഐ അംഗങ്ങളുടെ ചകിത്സക്കായി ആയുഷ്മാന്‍ ഭാരത് എംപാനല്‍ ഹോസ്പിറ്റലുകളെ ഇഎസ്ഐയിലും എം പാനല്‍ ചെയ്യാമെന്നും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ തൊഴിലാളികള്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇഎസ്ഐ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുള്ള നൂലാമാലകള്‍ ഒഴിവാക്കും, മരുന്നുകള്‍ വേണ്ടത്ര സ്റ്റോക്ക് വെക്കും, ചികിത്സക്കായി എത്തുന്നവരുടെ കാത്തിരിപ്പു ഒഴിവാക്കി ചികിത്സ വേഗത്തിലാക്കും, തൊഴിലാളികള്‍ക്കും ടൈഅപ്പ് ആശുപത്രികള്‍ക്കും റീ ഇംപേഴ്സ്മെന്റ് നല്‍കുന്നതു വേഗതയിലാക്കും, അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ചു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കൂം, അംഗീകാരം നല്‍കിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനം വേഗതയിലാക്കും, നിലവിലുള്ള കെട്ടിടങ്ങളിലെ അറ്റകുറ്റ പണികള്‍ വേഗത്തിലാക്കും, അതിനായി നടപടിക്രമങ്ങള്‍ ലഘുകരിക്കും, എല്ലാ തസ്തികളിലും ഉള്ള ഒഴിവുകള്‍ നികത്തും, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ മാനുഷിക മൂല്യങ്ങള്‍ക്കു മുന്‍ഗണന നല്‍കും, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കും, ചികിത്സക്കായി എത്തുന്നവരോടുള്ള മാന്യമായ പെരുമാറ്റം ഉറപ്പാക്കും, മന്ത്രി പറഞ്ഞു. ആയുഷ് വിഭാഗത്തിനു വേണ്ടത്ര പരിഗണന നല്‍കുമെന്നും കേരളത്തില്‍ കിടത്തി ചികിത്സ നല്‍കാന്‍ വേണ്ടി എല്ലാവിധ സൗകര്യങ്ങളുമുള്ള ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.