കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

Advertisement

ബെംഗ്ലൂരൂ:
കന്നഡ ചലച്ചിത്ര സംവിധായകൻ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്ടുമെൻ്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സീലിംഗിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുണ്ട് മൃതദേഹത്തിന്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. അപ്പാർട്ടുമെൻ്റിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

2006-ൽ ആദ്യമായി സംവിധാനം ചെയ്ത മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് പ്രശസ്തിയിലേക്ക് ഉയർന്നത്. തുടർന്ന് 2009-ൽ എഡേലു മഞ്ജുനാഥ എന്ന ചിത്രം നിർമ്മിച്ചു. ഇത് അദ്ദേഹത്തിന് മികച്ച തിരക്കഥയ്ക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. പിന്നീടുള്ള വർഷങ്ങളിൽ ഗുരുപ്രസാദ് ഡയറക്‌ടേഴ്‌സ് സ്‌പെഷ്യൽ (2013), എറാഡനെ സാല (2017) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

അടുത്തിടെ പുറത്തിറങ്ങിയ രംഗനായക എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുപ്രസാദിന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നും സൂചനകളുണ്ട്.ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം ഗുരുപ്രസാദ് വീണ്ടും വിവാഹം കഴിച്ചിരുന്നു. ഗുരുപ്രസാദ് ഏതാനും സിനിമകളിൽ അഭിനയിക്കുകയും റിയാലിറ്റി ഷോകളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.

Advertisement