‘കാനഡയിലെ ഗേൾഫ്രണ്ടിന് ദീപാവലി ഗിഫ്റ്റ് വേണം’, മുഖം പോലും മറയ്ക്കാതെയെത്തി 20കാരൻ, സിസിടിവി പണി കൊടുത്തു

Advertisement

ലക്നൌ: ഇൻസ്റ്റഗ്രാമിലെ കനേഡിയൻ വനിതാ സുഹൃത്തിന് ദീപാവലി സമ്മാനം അയയ്ക്കണം. ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ. മുൻപരിചയമില്ലാത്ത മോഷണ ശ്രമത്തിന്റെ സിസിടിവ് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് ദിവസത്തിനുള്ളിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർ പ്രദേശിലാണ് സംഭവം. ഷഹീദ് ഖാൻ എന്ന 20കാരനെയാണ് യുപി പൊലീസ് പിടികൂടിയത്.

ഫെബ്രുവരിയിലാണ് യുവാവ് പുതിയ ഫോൺ വാങ്ങുന്നതും ഇൻസ്റ്റഗ്രാം അക്കൌണ്ട് തുടങ്ങുന്നതും. ഇയാളുടെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്ത കനേഡിയൻ യുവതിയുമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 20കാരൻ അടുത്തു. ആമസോണിലൂടെ വനിതാ സുഹൃത്തിന് ദീപാവലി സമ്മാനം നൽകി ഞെട്ടിക്കാൻ യുവാവ് ഉറപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വനിതാ സുഹൃത്തിനായി കണ്ടുവച്ച സമ്മാനങ്ങൾക്ക് വലിയ വിലയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവ് ബാങ്കിൽ മോഷ്ടിക്കാൻ കയറിയത്.

ഒക്ടോബർ 30ന് ബാരാബങ്കിയിലെ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപത്തെ ചായക്കടയിൽ നിൽക്കുമ്പോഴാണ് മോഷണത്തിനുള്ള പദ്ധതി ഇയാൾ തയ്യാറാക്കിയത്. നിരവധി ആളുകൾ ബാങ്കിൽ വന്ന് പോകുന്നത് കണ്ടതിന് പിന്നാലെ ബാങ്കിൽ വലിയ അളവിൽ പണമുണ്ടാകുമെന്നും മോഷ്ടിച്ചാൽ സമ്മാനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്താനാവുമെന്നുമായിരുന്നു യുവാവിന്റെ ധാരണ. ഒക്ടോബർ 31 ന് രാത്രിയിൽ ബാങ്ക് പരിസരത്ത് എത്തിയ ഇയാൾ ബാങ്കിനകത്തേക്ക് കയറിയെങ്കിലും കയ്യിൽ കരുതിയ ഗ്രൈൻഡർ മെഷീൻ ഉപയോഗിച്ച് പണം സൂക്ഷിച്ച ലോക്കറിലേക്കുള്ള വാതിൽ തുറക്കാനാവാതെ പോവുകയായിരുന്നു.

നവംബർ നാലിന് ബാങ്ക് അവധി കഴിഞ്ഞ് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്തി ബാങ്ക് ജീവനക്കാർ പൊലീസിൽ വിവരം നൽകിയത്. ബാങ്കിലേയും സമീപ കെട്ടിടങ്ങളിലെ 70ഓളം സിസിടിവികളും പരിശോധിച്ചതോടെയാണ് മുഖം പോലും മറക്കാതെ എത്തിയ യുവാവിനെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്തതും.

Advertisement