‘പണം ചോദിച്ച് ഉപദ്രവിച്ചു, മകളെ 10ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു’; മരുമകനെതിരെ റിട്ടയേർഡ് ജഡ്ജിയുടെ പരാതി

Advertisement

ലഖ്‌നൗ: പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണം. റിട്ടയേർഡ് അഡീഷണൽ ജില്ലാ ജഡ്ജിയായ യുവതിയുടെ അച്ഛനാണ് പരാതി നൽകിയത്. പണം ആവശ്യപ്പെട്ട് മകളെ അവളുടെ ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് അച്ഛന്‍റെ പരാതിയിൽ പറയുന്നത്.

ലഖ്‌നൗവിലെ വൃന്ദാവൻ യോജനയിലെ ആരവലി എൻക്ലേവ് സൊസൈറ്റിയിലാണ് സംഭവം. പ്രീതി ദ്വിവേദി എന്ന 40കാരിയാണ് പത്താം നിലയിൽ നിന്ന് വീണ് മരിച്ചത്. ഭർത്താവ് രവീന്ദ്ര ദ്വിവേദിക്കും രണ്ട് മക്കൾക്കുമൊപ്പം പ്രീതി ഇവിടെ നാലാം നിലയിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള പണം നൽകണമെന്ന് പറഞ്ഞ് രവീന്ദ്ര ദ്വിവേദി നിരന്തരം ശല്യപ്പെടുത്തിയെന്നാണ് പ്രീതിയുടെ അച്ഛൻ ശാരദാ പ്രസാദ് തിവാരിയുടെ പരാതിയിൽ പറയുന്നത്. രവീന്ദ്ര ദ്വിവേദി മകളെ പത്താം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹം കഴിഞ്ഞതു മുതൽ മരുമകൻ പണം ആവശ്യപ്പെട്ട് മകളെ ഉപദ്രവിച്ചിരുന്നുവെന്ന് വിരമിച്ച ജഡ്ജ് പറഞ്ഞു.

“എല്ലാ മാസവും മരുമകന് ഞാൻ 10,000 രൂപ അയച്ചിരുന്നു. എന്നിട്ടും ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ പണം അയക്കുന്നത് നിർത്തി”- ശാരദാ പ്രസാദ് തിവാരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ലഖ്നൌ പൊലീസ് അറിയിച്ചു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണ്. മരണ കാരണം കൃത്യമായി കണ്ടെത്താൻ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Advertisement