12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കാറിനെ വിറ്റുകളയുവാന്‍ ആ കുടുംബം തയ്യാറായില്ല. പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുംബമാണ് ഇത്തരത്തില്‍ തങ്ങളുടെ വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വൈറലായി.
ആത്മീയ ഗുരുക്കള്‍ അടക്കം 1500ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന കാറിനെ ഒഴിവാക്കുന്നതിന് പകരം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സംസ്‌കരിക്കാന്‍ വ്യവസായിയായ സഞ്ജയ് പൊളറയും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃഷിയിടത്തിലെ 15 അടി താഴ്ചയിലാണ് കാറിനെ സംസ്‌കരിച്ചത്.
കാറിനെ പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങ്. പച്ച തുണി കൊണ്ട് കാറിനെ മറച്ചിരുന്നു.പൂജയും മറ്റും നടത്തിയായിരുന്നു ചടങ്ങ്. ചടങ്ങുകള്‍ക്ക് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കാര്‍ മൂടുകയായിരുന്നു. കുടുംബത്തിന്റെ ഭാഗ്യമായ കാറിനെ വില്‍ക്കാന്‍ തോന്നിയില്ല. വരും തലമുറ എന്നും കാറിനെ ഓര്‍ക്കാന്‍ ചെയ്തതാണെന്നും സഞ്ജയ് പറഞ്ഞു. നാലുലക്ഷം രൂപയാണ് ചടങ്ങിനായി മുടക്കിയത്. കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നടുമെന്നും കുടുംബം അറിയിച്ചു.