മണിപ്പൂരിലെ ജിരിബാമിൽ 11 കുക്കി വിഘടന വാദികളെ സിആർപിഎഫ് ഏറ്റു മുട്ടലിൽ വധിച്ചു

Advertisement

ഇംഫാല്‍. സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ 11 കുക്കി വിഘടന വാദികളെ സി.ആർ.പി.എഫ് ഏറ്റു മുട്ടലിൽ വധിച്ചു.ഒരു സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരുക്ക്. ജിരിബാമിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് ഏറ്റു മുട്ടൽ ഉണ്ടായത്.

അസം അതിർത്തിക്ക് സമീപം മണിപ്പൂരിൽ ജിരിബാമിൽ വൈകീട്ട് 3.30 ഓടെയാണ് ഏറ്റു മുട്ടൽ ഉണ്ടായത്. ജാക്കൂരാധോറില്‍ നിരവധി വീടുകൾക്കും കടകൾക്കും തീവെച്ച കുക്കി വിഘടനവാദികൾ, ടിആർപിഎഫ് ക്യാമ്പിന് നേരെ വെടിഉതിർത്തു. സിആർപിഎഫ് നൽകിയ തിരിച്ചടിയിലാണ് 11 വിഘടനവാദികൾ കൊല്ലപ്പെട്ടത്. ഒരു സി.ആർ.പി.എഫ് ജവാന് ഏറ്റു മുട്ടലിൽ ഗുരുതരമായി പരിക്കേറ്റു, ഇയാളെ സിൽച്ചരിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.

അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കൊല്ലപ്പെട്ടവരിൽ നിന്നും കണ്ടെടുത്തു. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞ ദിവസം വിഘടനവാദികള്‍ ബോറോബേക്ര പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു.
തുടര്‍ച്ചയായ നാലാം ദിനമാണ് മണിപ്പൂരിൽ സംഘർഷം ഉണ്ടാകുന്നത്.

ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെ ആക്രമികൾ കൊലപ്പെടുത്തിയിരുന്നു.