ന്യൂഡൽഹി: ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം ‘ഗുരുതര’മായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ എട്ടു മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.
10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചു. ഓൺലൈനായി ക്ലാസുകൾ എടുക്കാം. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എൽഎൻജി, സിഎൻജി, ഇലക്ട്രിക് ട്രക്കുകൾക്ക് ഇളവുണ്ട്. ഹൈവേകൾ, റോഡുകൾ, മേൽപാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കും.
കോളജുകളിലെയും റഗുലർ ക്ലാസ് ഒഴിവാക്കി ഓൺലൈനാക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50% പേർക്കെങ്കിലും വർക്ക് ഫ്രം ഹോം നൽകണം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, റജിസ്ട്രേഷൻ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗികൾ, ഹൃദ്രോഗികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഔട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ കഴിയണമെന്നും നിർദേശമുണ്ട്.