ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ

Advertisement

മുംബൈ.അദാനിക്ക് വേണ്ടതെല്ലാം നൽകാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്ർറെ പരസ്യ പ്രചാരണം അവസാനിക്കും മുൻപ് മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിമർശം.

ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗം. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടർച്ചയായിരുന്നു അത്. മഹാരാഷ്ട്രയിൽ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് രാഹുൽ ഗാന്ധിയെത്തിയത് സേഫ് ലോക്കറുമായി.

ഒന്നിച്ച് നിന്നാൽ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ചെന്നാണ് പരിഹാസം. ഒപ്പം സേഫ് ലോക്കറിൽ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു. ധാരാവി പുനർവികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്. രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നൽകാൻ മോദി ഒരുക്കമാണെന്ന് രാഹുൽ കുറ്റപ്പെടുത്തു. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്.