കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയില്‍ ഇന്നലെയായിരുന്നു ഏറ്റുമുട്ടല്‍. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ.
നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്നതിനായി മാവോയിസ്റ്റുകള്‍ വനമേഖലയുടെ സമീപത്തെ ജനവാസമേഖലയിലെത്തുകയായിരുന്നു. വിവരമറിഞ്ഞ ആന്റി നക്‌സല്‍ സ്‌ക്വാഡ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു.
ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായി കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡ് അറിയിച്ചു. മുംഗാരുലത, ജയണ്ണ, വനജാക്ഷി എന്നീ നേതാക്കളാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവര്‍ക്കായി വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവര്‍ക്ക് വെടിയേറ്റതായി സംശയിക്കുന്നുണ്ട്.