വൃന്ദാവനത്തിലും ശ്രീകൃഷ്ണ ക്ഷേത്രമുയരുന്നു… 166 നിലകളില്‍ പിരമിഡിന്റെ ആകൃതിയിലാണ് ക്ഷേത്രം

Advertisement

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിലും ക്ഷേത്രമുയരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണ് ഇവിടെ ഉയരുന്നത്. മുകളില്‍ നിന്ന് താജ്മഹലും കാണാന്‍ സാധിക്കുന്നതും, വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കുന്ന വിധത്തിലാണ് വൃന്ദാവനത്തിലെ ഈ ചന്ദ്രോദയ ക്ഷേത്രം നിര്‍മിക്കുന്നത്. 700 കോടിയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2014 നവംബര്‍ 16ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 700 അടിയാണ് ക്ഷേത്രത്തിന്റെ ഉയരം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലിത് ഇടംപിടിക്കുമെന്നും നിര്‍മാതാക്കളായ ഇസ്‌കോണ്‍ അറിയിച്ചു.
166 നിലകളില്‍ പിരമിഡിന്റെ ആകൃതിയിലാണ് ക്ഷേത്രം. ഏറ്റവും ഉയര്‍ന്ന നിലയ്ക്ക് ബ്രജ് മണ്ഡല ദര്‍ശന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ്ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചിരിക്കുന്ന 12 വനങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 8 വരുന്ന ഭൂകമ്പത്തെ പോലും അതിജീവിക്കാന്‍ ഈ ക്ഷേത്രത്തിന് കഴിയും. 170 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിനും ക്ഷേത്രത്തെ തകര്‍ക്കാനാകില്ല. 70 ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാര്‍ പാര്‍ക്കിങ്, ഹെലിപാഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം മുഴുവനും ദര്‍ശിക്കാന്‍ നാല് ദിവസമെങ്കിലുമെടുക്കും. 10,000 ഭക്തര്‍ക്ക് ഒരേസമയം ക്ഷേത്ര അങ്കണത്തില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്.
അയോദ്ധ്യക്ക് ശേഷം മഥുരയില്‍ വൃന്ദാവനത്തിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള കാത്തിരിപ്പാണിനി. എത്രയും പെട്ടന്ന് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി നല്‍കും. പണി അതിവേഗം പുരോഗമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Advertisement