കാസര്‍കോട്: കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേര്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു.
സംഭവത്തില്‍ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍കോട് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം അലി അക്ബര്‍ പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരന്‍ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറുണ്ടായത്.
ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കാസര്‍കോട് മാത്രം രജിസ്റ്റര്‍ ചെയ്തത്. ആര്‍പിഎഫും പൊലീസും ട്രാക്ക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.