അദാനിക്ക് വീണ്ടും തിരിച്ചടി; തമിഴ്നാട്ടിലും കത്തി അമേരിക്കയിലെ വഞ്ചനാ കേസ്, കരാര്‍ കിട്ടാൻ കൈക്കൂലി കോടികൾ

Advertisement

ചെന്നൈ : ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനയ്ക്കും കേസെടുത്തത് തമിഴ്നാട്ടിലും ചർച്ചയാകുന്നു. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്ന് കുറ്റപത്രത്തിൽ പറയുന്നത്. തമിഴ്നാട്ടിലെ കരാറിനും ഗൗതം അദാനി കൈക്കൂലി കൊടുത്തെന്ന പരാമർശമാണ് സാമൂഹിക മാധ്യമങ്ങൾ ഉയർത്തുന്നത്.

2021 ജൂലൈക്കും 2022 ഫെബ്രുവരിക്കും ഇടയിലാണ്‌ കരാർ ഉറപ്പിച്ചത്. നേരത്തെ അദാനിയുടെ രഹസ്യ ചെന്നൈ സന്ദർശനം വലിയ ചർച്ചയായിരുന്നു. എന്നാൽ ഡിഎംകെയും അദാനിയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. കരാർ റദ്ദാക്കണമെന്ന് അഴിമതി വിരുദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അണ്ണാ ഡിഎംകെയും ബിജെപിയും മൗനം വിഷയത്തിൽ പാലിക്കുകയാണ്.

വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ശതകോടികളുടെ വഞ്ചനക്കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 20 വർഷത്തിനുള്ളിൽ 200 കോടി ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. പല സംസ്ഥാന സർക്കാരുകൾക്കും അദാനി കൈക്കൂലി വാഗദാനം ചെയ്തെന്ന് അമേരിക്കയിലെ കുറ്റപത്രം. ഗൗതം അദാനി നേരിട്ടാണ് കൈക്കൂലിക്ക് കരാർ ഉറപ്പിച്ചത്.

ആന്ധ്രപ്രദേശ് സർക്കാരിലെ ഉന്നതന് 1750 കോടി കൈക്കൂലിക്ക് കരാർ ഉറപ്പിച്ചു. ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്നാട് സർക്കാരുകളുമായുള്ള കരാറുകളും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. അമേരിക്കയിലെ കേസ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അദാനി കമ്പനി ഓഹരികൾ ഇടിഞ്ഞു.

Advertisement