ജാര്‍ഖണ്ഡില്‍ ഭരണകക്ഷി സഖ്യമായ ഇന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ തിരിച്ചടി മണത്തെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കവേ പതിയെ ട്രാക്കിലെത്തിയ അവര്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും സംസ്ഥാനത്തെ ഭരണകക്ഷിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ മിന്നും ജയം ആഹ്ളാദം പകരുമെങ്കിലും അവരെ ആശങ്കയിലാക്കുന്നത് ജാര്‍ഖണ്ഡിലെ പരാജയമാണ്.
ഇത്തവണ ജാര്‍ഖണ്ഡില്‍ രണ്ടും കല്‍പിച്ച് തന്നെയായിരുന്നു ബിജെപി ഇറങ്ങിയത്. മോദിയും അമിത് ഷായും യോഗിയും ഉള്‍പ്പെടെ താരപ്രചാരകര്‍ പലതവണ വന്നിട്ടും സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും എന്നത് യാഥാര്‍ഥ്യമാണ്. കൂടാതെ പരാജയപ്പെട്ട രണ്ട് തന്ത്രങ്ങളും ബിജെപിയെ വല്ലാതെ അലട്ടുന്നുണ്ട്. ചമ്പായി സോറന്റെ വരവും ആദിവാസി വിഭാഗത്തിന്റെ പിന്തുണ കിട്ടതുമാണ് ഈ വിഷയങ്ങള്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. ഇതിനായി നേരത്തെ തന്നെ അവര്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നു. അതിലെ ആദ്യ കരുനീക്കമായിരുന്നു ചമ്പായി സോറന്റെ വരവ്. ഹേമന്ത് സോറന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്നതിന്റെ അതൃപ്തി പേറുകയായിരുന്ന ചമ്പായി സോറന്റെ ദൗര്‍ബല്യം തന്നെ മുതലെടുത്ത് അവര്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാനുള്ള ഒന്നാമത്തെ നീക്കമായിരുന്നു അത്.
സാന്താള്‍ പാര്‍ഗാന മേഖലയില്‍ അടക്കം നേട്ടമുണ്ടാക്കാന്‍ എന്ന മോഹമായിരുന്നു ബിജെപിയെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ ചമ്പായി സോറന്റെ വരവ് കൊണ്ട് മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപിപ്പിക്കുന്നത്. അത് ബിജെപി നേതൃത്വത്തെ വല്ലാതെ അലട്ടുമെന്ന് ഉറപ്പാണ്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റ വിഷയം പ്രധാനമാക്കി നിര്‍ത്തിക്കൊണ്ടാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അത് എവിടെയും ഏശിയില്ലെന്ന് വ്യക്തം. ആദിവാസി മേഖലകളില്‍ വോട്ട് നേടാന്‍ ഈ പ്രചാരണം സഹായിക്കുമെന്ന ബിജെപിയുടെ ധാരണ മിഥ്യയായിരുന്നു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജെഎംഎം ആവട്ടെ തങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ വീഴാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വലിയ നേട്ടമാവുക ഹേമന്ത് സോറന് തന്നെയായിരിക്കും.