ദിസ്പൂർ: ജനങ്ങൾ കല്ലും ഇഷ്ടികയും എറിഞ്ഞതോടെ കടുവയുടെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി പോയി. കടുവയുടെ തലച്ചോറിന് ക്ഷതം സംഭവിച്ചു. മൂക്കിലൂടെ രക്തസ്രാവമുണ്ടായി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിലെത്തിയ പെണ്‍ കടുവയെ കണ്ട് ഭയന്ന നാട്ടുകാർ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഒൻപത് പേരെ അറസ്റ്റ് ചെയ്തു.
അസമിലെ നാഗോൺ ജില്ലയിലെ കാലിയബോറിൽ നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്. മൂന്ന് വയസ്സുള്ള റോയൽ ബംഗാൾ കടുവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാമാഖ്യ റിസർവ് ഫോറസ്റ്റിന് സമീപമാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ പ്രദേശവാസികൾ കടുവയെ ആക്രമിക്കുകയായിരുന്നു. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നാലെ പെണ്‍കടുവ സമീപത്തെ നദിയിൽ വീണു. 17 മണിക്കൂർ കഴിഞ്ഞാണ് കടുവയെ കണ്ടെത്തിയത്.
സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ആക്രമിച്ചതെന്ന് ‘പ്രതിദിൻ ടൈം’ എന്ന ഗുവാഹത്തിയിൽ നിന്നുള്ള ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ജനങ്ങൾ ആക്രമിച്ചതിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനാണ് സ്ഥലത്തെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് കടുവയെ കാസിരംഗയിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റി. ഇനി കടുവയെ സ്ഥിരമായി മൃഗശാലയിൽ ഇടേണ്ട സാഹചര്യമാണ്. വീഡിയോയുടെ അടിസ്ഥാനത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു.