കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസിന് തകർപ്പൻ ജയം

Advertisement

ബംഗളുരു. കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസിന് തകർപ്പൻ ജയം. വാശിയേറിയ പോരാട്ടമുണ്ടായ ചന്നപട്ടണ മണ്ഡലത്തിൽ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടു. 2028ൽ തുടർ ഭരണമുണ്ടാകും എന്നതിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡി കെ ശിവകുമാർ

ബിജെപി – ജെഡിഎസ് സഖ്യത്തിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്താണ് കർണാടകയിലെ കോൺഗ്രസിന്റെ മുന്നേറ്റം. ശ്രദ്ധേയ മത്സരം നടന്ന ചന്നപട്ടണയിൽ നിഖിൽ കുമാരസ്വാമി ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകൾക്കാണ് തോറ്റത്. സഖ്യമില്ലാതെ മത്സരിച്ച കഴിഞ്ഞ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ എച്ച് ഡി കുമാരസ്വാമി പതിനയ്യായിരത്തിലധികം വോട്ടുകൾക്ക് ജയിച്ച മണ്ഡലത്തിലാണ് മകന്റെ ദയനീയ പരാജയം. അന്ന് ബിജെപി സ്ഥാനാർഥി ആയിരുന്ന സി പി യോഗേശ്വരയെ സ്വന്തം പാളയത്തിൽ എത്തിച്ചാണ് കോൺഗ്രസിന്റെ മറുപടി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തട്ടകമായ ഷിഗ്ഗാവ് മണ്ഡലവും ബിജെപിക്ക് നഷ്ടമായി. മകൻ ഭരത് ബൊമ്മെയെ തന്നെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബസവരാജ് ബൊമ്മെ മുപ്പത്തി അയ്യായിരത്തിലധികം ഭൂരിപക്ഷം നേടിയ മണ്ഡലമാണ് കോൺഗ്രസ്‌ പിടിച്ചെടുത്തത്. ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും സിറ്റിങ് സീറ്റായ സന്ദൂർ കോൺഗ്രസ്‌ നിലനിർത്തി. മൂഡ ഭൂമി കുംഭകോണ കേസ് സജീവ ചർച്ചയാകുന്നതിനിടെ നടന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാനായത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശ്വാസമാണ്. ഒപ്പം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ഉപതെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയുമാകും

Advertisement