യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം. ഉപയോക്താക്കളുടെ യുപിഐ ലൈറ്റ് ബാലന്‍സ് സെറ്റ് ചെയ്ത പരിധിയില്‍ താഴെ പോയാല്‍ സ്വമേധയാ റീച്ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്‍ ഇല്ലാതെ തന്നെ ചെറിയ ഇടപാടുകള്‍ യഥേഷ്ടം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് യുപിഐ ലൈറ്റ്.
പലചരക്ക് സാധനങ്ങള്‍ വാങ്ങല്‍, ചെറിയ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ ദൈനംദിന ഇടപാടുകള്‍ പേടിഎം യുപിഐ ലൈറ്റ് ഉപയോഗിച്ച് കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്ന് പേടിഎം ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. പ്രധാന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആക്‌സസ് ചെയ്യാതെ ഓണ്‍ ഡിവൈസ് വാലറ്റിലൂടെ സാധാരണ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനാല്‍ ക്രമാനുഗതമായ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
കൂടാതെ, പേടിഎം യുപിഐ ലൈറ്റ് വഴി നടത്തിയവ ഉള്‍പ്പെടെ എല്ലാ യുപിഐ ഇടപാടുകളുടെയും വിശദാംശങ്ങള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന യുപിഐ സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ചെലവ് നിരീക്ഷണവും ചെലവ് മാനേജ്മെന്റും കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്നും കമ്പനി അറിയിച്ചു. തുടക്കത്തില്‍ യെസ് ബാങ്കിലും ആക്‌സിസ് ബാങ്കിലുമുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പേടിഎം യുപിഐ ലൈറ്റ് ഓട്ടോ ടോപ്പ്-അപ്പ് ഫീച്ചര്‍ ലഭ്യമാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന വിധത്തില്‍ ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.