കല്യാണമൊക്കെ പിന്നെ; വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി വരൻ

Advertisement

മീററ്റ്: വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി വരൻ. ആചാര പ്രകാരം വരൻ കുതിരപ്പുറത്ത് കയറി വരുമ്പോഴായിരുന്നു മോഷണം. ദേശീയപാതയിൽ വെച്ചാണ് സംഭവം നടന്നത്. തുടർന്ന് വിവാഹ ചടങ്ങ് മാറ്റിവെച്ച് വരൻ കള്ളന് പിന്നാലെ പോവുകയായിരുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ദൃശ്യത്തിൽ ചാരനിറത്തിലുള്ള സ്യൂട്ടും ചുവന്ന തലപ്പാവും ധരിച്ച വരനെ കാണാം. മിനി ട്രക്ക് ഡ്രൈവറാണ് വരന്‍റെ കഴുത്തിലുണ്ടായിരുന്ന നോട്ട് മാലയിൽ നിന്ന് കറൻസികൾ തട്ടിപ്പറിച്ചെടുത്തത്. വരൻ പിന്നെ ഒന്നും നോക്കിയില്ല. വിവാഹ വേഷത്തിൽത്തന്നെ അതുവഴി വന്ന ബൈക്കിൽ ചാടിക്കയറി ട്രക്ക് ഡ്രൈവറെ പിന്തുടർന്നു. തൊട്ടടുത്ത് എത്തിയതോടെ വരൻ ബൈക്കിൽ നിന്ന് ചാടി, മിനി ട്രക്കിലേക്ക് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. വൈകാതെ ട്രക്കിലേക്ക് ചാടിക്കയറി വാഹനം നിർത്തി.

പിന്നാലെ വരൻ ഡ്രൈവറെ വാഹനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കി മർദിച്ചു. ബൈക്ക് ഓടിച്ചയാളും മറ്റ് രണ്ട് പേരും മർദിക്കാൻ ഒപ്പം ചേർന്നു. ട്രക്ക് ഓടിക്കവേ അബദ്ധവശാൽ നോട്ട് മാല തന്‍റെ കയ്യിൽപ്പെടുകയായിരുന്നുവെന്നും മോഷ്ടിച്ചതല്ലെന്നും ഡ്രൈവർ പറഞ്ഞു. തന്നെ വെറുതെ വിടണമെന്നും അപേക്ഷിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

Advertisement