മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 16 വയസ്സ്

Advertisement

മുംബൈ: രാജ്യത്തെ മുൾമുനയിലാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികം ഇന്ന്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകളാണു പൊലിഞ്ഞത്. 300 പേർക്ക് പരുക്കേറ്റിരുന്നു. എൻഎസ്ജി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേധാവി ഹേമന്ദ് കർക്കറെ, പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ, ഏറ്റുമുട്ടൽ വീരൻ വിജയ് സലാസ്കർ എന്നിവർ വീരമൃത്യു വരിച്ച ഉന്നത ഉദ്യോഗസ്ഥരിൽപ്പെടും. കനത്ത പോരാട്ടത്തിനൊടുവിൽ ഒൻപത് ഭീകരർ കൊല്ലപ്പെട്ടു. 86 കുറ്റങ്ങൾ ചുമത്തപ്പെട്ട അജ്മൽ കസബിനെ 2012ൽ പുണെ യേർവാഡ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.

പാക്കിസ്ഥാനിൽനിന്ന് ബോട്ടിൽ കടൽമാർഗം ഗുജറാത്തിലെ പോർബന്തർ വഴി മുംബൈയിലെത്തി കൊളാബയ്ക്കടുത്ത് കഫ് പരേഡ് തീരത്തൂടെയാണ് 10 അംഗ ഭീകരസംഘം നഗരത്തിൽ പ്രവേശിച്ചത്. 2008 നവംബർ 26ന് രാത്രി ഒൻപതരയോടെ വിവിധ സംഘങ്ങളായി പിരിഞ്ഞ് അതീവരഹസ്യമായി ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയ ഭീകരർ ഛത്രപതി ശിവജി ടെർമിനസ് റയിൽവേ സ്‌റ്റേഷൻ (സിഎസ്‌ടി), താജ് ഹോട്ടൽ, ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടലുകൾ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, ലിയോപോൾ കഫെ എന്നിവിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടു.

എകെ 47 തോക്ക് ഉൾപ്പെടെയുളള ആയുധങ്ങളുമായി തുടർച്ചയായി നിറയൊഴിച്ച ഭീകരർക്കു മുന്നിൽ, ഒരു കരുതലും ഇല്ലാതിരുന്ന നഗരത്തിലെ പൊലീസ് പകച്ചു. പിറ്റേന്നു പുലർച്ചെ ഹരിയാനയിൽനിന്ന് എൻഎസ്‌ജി കമാൻഡോകൾ എത്തിയതോടെയാണ് ഇന്ത്യയുടെ തിരിച്ചടി ശക്‌തമായത്. പിറ്റേന്നു പുലർച്ചെ ഒന്നരയോടെ, ഭീകരസംഘത്തിലുൾപ്പെട്ട അജ്മൽ കസബ് പിടിയിലായി. മൂന്ന് ദിവസം രാജ്യത്തെ മുൾമുനയിലാക്കിയ പോരാട്ടത്തിനൊടുവിൽ ഒൻപതു ഭീകരർ കൊല്ലപ്പെട്ടു.

ഫൊട്ടോഗ്രഫർ സെബാസ്‌റ്റ്യൻ ഡിസൂസ തന്റെ നിക്കോൺ ഡി 200 ക്യാമറയിൽ പകർത്തിയ, തുടരെ നിറയൊഴിച്ചുകൊണ്ട് സിഎസ്‌ടിയിലുടെ നടന്നുനീങ്ങുന്ന കസബിന്റെ ചിത്രം കേസിൽ നിർണായക തെളിവായി മാറി. അജ്മൽ കസബിനെ പിടികൂടാനായതുവഴി ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. കസബിന് 2010 മേയ് ആറ് വിചാരണക്കോടതി വിധിച്ച വധശിക്ഷ 2011 ഫെബ്രുവരി 21ന് ഹൈക്കോടതിയും തുടർന്ന് 2012 ഓഗസ്‌റ്റ് 29ന് സുപ്രീംകോടതിയും ശരിവച്ചു.

ദയാഹർജി 2012 നവംബർ അഞ്ചിന് രാഷ്‌ട്രപതി തള്ളിയതോടെ മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരുന്ന കസബിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുണെ യേർവാഡ സെൻട്രൽ ജയിലിലേക്കു മാറ്റി. 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി. മുംബൈയെ കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിന്റെ ഓർമകളുണർത്തി പലയിടങ്ങളിലും വെടിയുണ്ടയുടെ പാടുകൾ ഇന്നും അവശേഷിക്കുന്നു. എല്ലാം മറന്ന് നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും ആ ദിനങ്ങൾ ഇന്നും രാജ്യത്തിന് നടുക്കുന്ന ഓർമകളാണ്. ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here