മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാജിവെച്ചു

Advertisement

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് ഷിന്‍ഡെ കൈമാറി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും ഷിന്‍ഡെയ്ക്കൊപ്പമുണ്ടായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച നേടിയിട്ടും, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയും ആര്‍എസ്എസും താല്‍പ്പര്യപ്പെടുന്നത്. എന്‍സിപി നേതാവ് അജിത് പവാറും ഫഡ്നാവിസിനെ പിന്തുണച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് ഏക്നാഥ് ഷിന്‍ഡെയെ തുടരാന്‍ അനുവദിക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. ബിഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയ രീതി മഹാരാഷ്ട്രയിലും പിന്തുടരണമെന്നാണ് ശിവസേനയുടെ നിര്‍ദേശം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും.