സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Advertisement

ന്യൂഡൽഹി: ഡൽഹിയിലെ സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ വ്യാപാരിയെ കണ്ടെത്തി. ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിലെ മൂന്ന് നില വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് 64കാരനായ വ്യവസായിയെ കഴുത്തറുത്തും കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തിയത്. റോഹിത് അലഹ് എന്ന വ്യാപാരിയെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പതിവ് സമയം ആയിട്ടും പിതാവ് കിടപ്പ് മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിന് പിന്നാലെ മുറിയിലെത്തിയ മകനാണ് മരിച്ച നിലയിൽ 64കാരനെ കണ്ടെത്തിയത്.

മൂന്ന് നിലയുള്ള വീടിന്റെ താഴെ നില 64കാരനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം നില വ്യാപാരിയുടെ വീട്ടുകാരും മൂന്നാം നിലയിൽ വാടകക്കാരുമാണ് തങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് പൊലീസിനെ വീട്ടുകാർ ബന്ധപ്പെടുന്നത്. നെഞ്ചിൽ കുത്തേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു പൊലീസ് എത്തുമ്പോൾ മൃതദേഹം കിടന്നിരുന്നത്. നിരവധി തവണ വയോധികന്റെ വയറിലും കുത്തേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മോഷണ ശ്രമത്തിനിടയിലുള്ള കൊലപാതകമാണെന്ന സാധ്യത പൊലീസ് ഇതിനോടകം തള്ളിയിട്ടുണ്ട്. വ്യാപാരിയുമായി ശത്രുതയിൽ ആയിരുന്നവർക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. വീട്ടിലും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് മക്കളാണ് കൊല്ലപ്പെട്ടയാൾക്കുള്ളത്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ 64കാരൻ മോഷണ ശ്രമത്തിനിടയിൽ ഡൽഹിയിൽ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തിൽ 63കാരനായ ഡോക്ടറെ മോഷ്ടാക്കൾ കൊലപ്പെടുത്തിയിരുന്നു.

Advertisement