ബംഗളൂരു. അസം സ്വദേശിയായ യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതി ആരവിനായി അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം കണ്ണൂർ സ്വദേശി ആരവ് അപാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു
കൊലപാതകത്തിന് ശേഷം ആരവ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യമാണിത്… തുടർന്ന് ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിലെത്തി. ക്യാബ് ഡ്രൈവർ ആരവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷം ആരവ് ട്രെയിൻ കയറി രക്ഷപ്പെട്ടു എന്നാണ് പൊലീസിന്റെ നിഗമനം.
എങ്കിൽ എങ്ങോട്ട് പോയി എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. കേരള പൊലീസിന്റെ സംഘം ആരവിന്റെ വീട്ടിലും, ബന്ധുവീട്ടിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ അവിടെയൊന്നും ആരവ് എത്തിയിട്ടില്ല. കർണാടക പൊലീസും കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപാർട്ട്മെന്റിലെ മുറിയിൽ നിന്ന് കൊലക്ക് ഉപയോഗിച്ച കത്തിയും ഒപ്പം ചാക്കും, കയറും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി പുറത്ത് ഉപേക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. ഇത് സാധിക്കാത്തതോടെയാണ് ആരവ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടത്. പ്രണയ ബന്ധത്തിലുണ്ടായ തർക്കം മാത്രമാണോ കൊലക്ക് കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.