പാനില്‍ പുതിയ പണി വരുന്നു, എന്താണ് പാന്‍ 2.0?

Advertisement

ന്യൂഡല്‍ഹി. ആദായ നികുതി വകുപ്പിന്റെ പാന്‍ 2.0 എന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എല്ലാ ഗവണ്‍മെന്റ് ഏജന്‍സികളുടെയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കായുള്ള സ്ഥിരം അക്കൗണ്ട് നമ്പര്‍ ഒരു ‘പൊതു ബിസിനസ് ഐഡന്റിഫയര്‍’ ആക്കുകയാണ് പാന്‍ 2.0 വഴി ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പാന്‍ ഉടമകള്‍ അവരുടെ കാര്‍ഡുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്ഗ്രേഡ് ചെയ്യുന്നതോടെ തിരിച്ചറിയലിന്റെയും വിവരങ്ങളുടെയും ശക്തമായ ഉറവിടമായി പാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ തന്നെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍ 2.0 പദ്ധതിയുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് 78 കോടിയോളം പേര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ എല്ലാവരും പാന്‍ കാര്‍ഡുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് നമ്പര്‍ മാറും എന്ന ആശങ്ക വേണ്ട. പാന്‍ കാര്‍ഡ് നമ്പര്‍ മാറുന്നില്ല എങ്കിലും എല്ലാവരും അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്നത് സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Advertisement