‘നോൺവെജ് കഴിക്കേണ്ട’: കാമുകന്റെ സമ്മർദം; ഡേറ്റാ കേബിളിൽ ജീവനൊടുക്കി പൈലറ്റ്

Advertisement

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ (25) മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയിലെ മാറോൾ ഏരിയയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ലാറ്റിൽ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിളിൽ തൂങ്ങിമരിച്ച സൃഷ്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുക്കാൻ സാധിച്ചില്ലെന്നു പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു യുവതിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവൻ തന്റെ പരാതിയിൽ ആരോപിച്ചതായി പൊവായ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നതു നിർത്താനുമാണ് ആദിത്യ സമ്മർദം ചെലുത്തിയത്.

തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂൺ മുതൽ മുംബൈയിലാണു താമസിക്കുന്നത്. രണ്ട് വർഷം മുൻപ് ഡൽഹിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്‌സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നവംബർ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here