ന്യൂഡെല്‍ഹി.മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപനം ഇനിയും വൈകും. ദില്ലിയിൽ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലും തീരുമാനമായില്ല. അജിത്ത് പവാർ , ദേവേന്ദ്ര ഫഡ്നാവിസ് , ഏകനാഥ് ശിൻഡെ എന്നിവർ പുലർച്ചയോടെ മുംബൈയിൽ തിരിച്ചെത്തി. ദില്ലി ചർച്ച പോസിറ്റീവ് ആണെന്നും മുംബൈയിൽ വെച്ച് ഒരു വട്ടം കൂടി ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ശിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രാത്രി ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫഡ്നാവിസിൻ്റെ പേര് ധാരണയായിട്ടുണ്ടെങ്കിലും മന്ത്രിസഭയിലെ വകുപ്പുകളുടെ വിഭജന കാര്യത്തിലാണ് തർക്കം തുടരുന്നത്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകുന്നതിന് പകരമായി പ്രധാന വകുപ്പുകൾ വേണമെന്നതാണ് ശിൻഡെ വിഭാഗത്തിന്റെ ആവശ്യം.