ന്യൂ ഡെൽഹി :
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കില്ല. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ വെച്ച് നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല.
ഇന്ത്യക്ക് ഐസിസിയുടെ പിന്തുണയുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഇന്ത്യയുടേതുൾപ്പെടെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽ നടത്തണമെന്നാണ് പിസിബി നിലപാട്. മറ്റ് രാജ്യങ്ങൾക്കൊന്നുമില്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യക്ക് മാത്രമെന്താണെന്നും പിസിബി ചോദിക്കുന്നു.
ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ നടത്താമെന്നാണ് ബിസിസിഐ ആവർത്തിക്കുന്നത്.