റോഡില്ല, പാമ്പുകടിയേറ്റ 13 കാരിയെ കമ്പിൽ കെട്ടി ചുമന്നത് 8 കിലോമീറ്റർ; ആശുപത്രിയിലെത്തും മുമ്പ് ദാരുണാന്ത്യം

Advertisement

ചെന്നൈ: ആശുപത്രിയിലെത്തിക്കാൻ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ചികിത്സ വൈകി പാമ്പു കടിയേറ്റ കൌമാരക്കാരിക്ക് ദാരുണാന്ത്യം. ധർമപുരി ജില്ലയിൽ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തിൽ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരിൽ മരണത്തിനു കീഴടങ്ങിയത്. വട്ടുവനഹള്ളിയിലേക്ക് റോഡ് ഇല്ലാത്തതിനാൽ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ മറ്റ് വാഹനങ്ങളോ എത്തിക്കാനായില്ല. തുടർന്ന് എട്ട് കിലോമീറ്ററോളം മരത്തടിയിൽ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്നാൽ ആശുപത്രിയിലെത്തും മുമ്പ് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തമിഴ്‌നാട് ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകൾ കസ്തൂരിയെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പാമ്പ് കടിച്ചത്. സഹോദരങ്ങൾക്കൊപ്പം പച്ചില പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേൽക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് പെൺകുട്ടിയെ ചുമന്ന് എട്ടു കിലോമീറ്റർ താണ്ടി സീങ്കഡു ഗ്രാമത്തിലെ വാഹനം കയറാവുന്ന സ്ഥലത്തെത്തിക്കാൻ ശ്രമിച്ചു. കുന്നിറങ്ങാൻ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റർ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയിൽ കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കസ്തൂരിയെ തുണിത്തൊട്ടിലിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മതിയായ റോഡ് സൗകര്യമില്ലാത്തതാണ് പെൺകുട്ടിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ആശുപത്രിയിൽ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തിൽ പലരും ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. 15 കി.മി നടന്ന് വേണം ഗ്രാമത്തിലെ കുട്ടികൾക്ക് സ്കൂളിലെത്താനെന്നും ഇവർ പറയുന്നു.

പെന്നഗരം താലൂക്കിലെ വട്ടുവനല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമായ ആലക്കാട്ട് നിവാസികൾ ഏറെ നാളായി നേരിടുന്ന പ്രശ്നമാണ് ഗ്രാമത്തിലേക്ക് റോഡ് ഇല്ലാത്. നിരവധി നിവേദനങ്ങൾ നൽകിയിട്ടും രാഷ്ട്രീയക്കാരും അധികൃതരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. റോഡ് സൗകര്യം ഇല്ലാത്തതിനാൽ പലപ്പോഴും ചികിത്സ വൈകി അപകടങ്ങളുണ്ടാകാറുണ്ട്. ഗർഭിണികളെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കുന്നതിനും, ഹൃദായാഘാതം സംഭവിച്ചവരെ ആശുപത്രിയിലെത്തിക്കുന്നതിനുമൊക്കെ കാലതാമസം വന്ന് മരണം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം കസ്തൂരിയുടെ മരണം വേദനാജനകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചിച്ചു. കസ്തൂരിയുടെ കുടുംബത്തിന് ദുരിതാശ്വാസ തുകയായി മൂന്ന് ലക്ഷം രൂപ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 1,132 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആലക്കാട്ട് ഗ്രാമത്തിൽ 42 കുടുംബങ്ങളിലായി 153 പേരാണ് താമസിക്കുന്നത്. കുത്തനെയുള്ള 3.5 കിലോമീറ്റർ കയറ്റവും, ഇടതൂർന്ന വനപാതകളിലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ചും മാത്രമേ ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരാനാകൂ.

Advertisement