ആശുപത്രിയിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; ‘പേന ക്യാമറ’ വച്ച ട്രെയിനി ഡോക്ടർ അറസ്റ്റിൽ

Advertisement

പൊള്ളാച്ചി: സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്.

കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയ്നി ഡോക്ടറുമാണ് ഇയാൾ. ആശുപത്രിയിൽ ഒട്ടേറെ വനിതാ ഡോക്ടർമാരും നഴ്‌സുമാരും ട്രെയ്നി ഡോക്ടർമാരും ഉണ്ട്. രണ്ടുദിവസം മുൻപു ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്.

ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണു സംഭവത്തിനു പിന്നിൽ ഡോക്ടറാണെന്നു വ്യക്തമായത്. തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് ഡോക്ടറെ ചോദ്യംചെയ്തപ്പോൾ നവംബർ 16 മുതൽ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി. ഇയാൾ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here