ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു

Advertisement

ബംഗളുരു: കർണാടകയില്‍ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്.
വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാസന് അടുത്തുള്ള കിട്ടനെയില്‍ വെച്ച്‌ ഇന്നലെ വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച്‌ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബെംഗളുരുവില്‍ എത്തിക്കാൻ ആയിരുന്നു തീരുമാനം.

എന്നാല്‍ ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. മധ്യപ്രദേശിലെ സിംഗ്‍രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. 25 വയസ്സായിരുന്നു, 2023-ലാണ് സർവീസില്‍ പ്രവേശിച്ചത്. ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്

Advertisement