ലക്നൗ: ടിടി എടുക്കാനെത്തിയ കൗമാരക്കാരിയുടെ കയ്യിൽ സൂചി തറച്ചിരുന്ന സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലെ ജില്ലാ ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം. ഹാമിർപൂരിലെ ഖാലേപുര സ്വദേശിനിയായ റൂബി എന്ന സ്ത്രീയുടെ മകളുടെ കയ്യിലാണ് ഇൻജക്ഷൻ സൂചി ഒടിഞ്ഞിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. 18 വയസുള്ള മെഹകിന് വയലിൽ ജോലി ചെയ്യുന്നതിനിടെ അരിവാളിന് മുറിവേറ്റിരുന്നു. ഇതിന് പിന്നാലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ടിടി എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്.
ഇൻജക്ഷൻ എടുത്ത ശേഷം പതിനെട്ടുകാരിയും അമ്മയും തിരികെ വീട്ടിലെത്തി. എന്നാൽ 18കാരിയുടെ കയ്യിൽ വേദന അസഹ്യമായ രീതിയിൽ ആയതോടെ ഇൻജക്ഷൻ വച്ച സ്ഥലം പരിശോധിച്ചപ്പോഴാണ് സൂചി കയ്യിൽ തറച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ 18കാരിക്കൊപ്പം ആശുപത്രിയിലെത്തി ബഹളം വച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തേക്കുറിച്ച് മെഹകിന്റെ പിതാവ് പ്രാദേശിക മാധ്യമങ്ങളോട് സംഭവത്തേക്കുറിച്ച് പ്രതികരിച്ചത് ഇത്തരത്തിലാണ്. മുറിവ് വച്ച് കെട്ടി ടിടി എടുത്ത ശേഷം തിരികെ എത്തിയ മകളുടെ കയ്യിൽ വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു. ടിടി എടുത്തതിന് ശേഷമുള്ള സാധാരണ വേദനയെന്ന ധാരണയിൽ അവഗണിച്ച ശേഷവും മകൾ പരാതിപ്പെട്ടതോടെയാണ് ഇൻജക്ഷൻ വച്ച ഭാഗം വീട്ടുകാർ പരിശോധിച്ചത്. അപ്പോഴാണ് 18കാരിയുടെ കയ്യിൽ തറച്ച് കയറിയ നിലയിൽ ഇൻജക്ഷൻ സൂചി കണ്ടെത്തിയത്. സൂചി എടുത്ത് മാറ്റിയ ശേഷം വിവരം ആശുപത്രിയിലെത്തി പറഞ്ഞതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവെന്നാണ് 18കാരിയുടെ പിതാന് വിശദമാക്കുന്നത്.
എന്നാൽ ഇത്തരമൊരു സംഭവം നടന്നതിനേക്കുറിച്ച് അറിവില്ലെന്നാണ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ പ്രതികരിക്കുന്നത്. പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായും സിഎംഒ തിങ്കളാഴ്ച വിശദമാക്കി. അതേസമയം ശനിയാഴ്ച വൈകുന്നേരം ആശുപത്രിയിൽ ആളുകൾ എത്തി ബഹളമുണ്ടാക്കുന്നുവെന്ന് ജീവനക്കാർ വിളിച്ച് അറിയിച്ചതോടെയാണ് സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. സംഭവത്തിൽ ഇരു വിഭാഗവും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.