7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, വീടിന് മുന്നിൽ നടന്നത് 9 തവണ, നടപ്പിലെ ശൈലി തെളിവായി, യുവാവ് പിടിയിൽ

Advertisement

കൊൽക്കത്ത: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തിയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്ന് കളഞ്ഞ യുവാവിനെ കണ്ടെത്താൻ പൊലീസ് ആശ്രയിച്ചത് സിസിടിവിയെ ആയിരുന്നു.

എങ്കിലും രാത്രിയിലെ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുന്നതിൽ വെല്ലുവിളി നേരിട്ടതിന് പിന്നാലെയാണ് അക്രമി നടക്കുന്നതിന്റെ പാറ്റേണിലൂടെ പൊലീസ് 34കാരനെ അറസ്റ്റ് ചെയ്തത്. ജാർഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്നാണ് രാജീബ് ഘോഷ് എന്ന 34കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് ഇയാൾ. വെള്ളിയാഴ്ച ഫുട്പാത്തിൽ പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു.

വിവരം നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുമ്പോഴാണ് സമീപ സ്ഥലത്ത് നിന്ന് കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. പരിക്കേറ്റ കുഞ്ഞിനെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവേറ്റതായും വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തിൽ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാൾ നടക്കുന്ന രീതിയിലെ പാറ്റേൺ പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.

കുട്ടിയെ ഫുട്പാത്തിൽ ഉപേക്ഷിച്ച് പോകുന്ന ഇയാൾ നടക്കുന്ന രീതിവച്ച് നടന്ന അന്വേഷണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ വീടിന് മുന്നിലൂടെ ഇയാൾ ഒൻപത് തവണ നടന്ന് പോയതായി വ്യക്തമായിരുന്നു. ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും എത്തി ആളുകളെ കണ്ടു. 110 ലേറെ ആളുകളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചില നിർണായക വിവരം ലഭിക്കുന്നത്. ഇയാൾ നടക്കുന്നതിനിടയിലെ മുടന്ത് മൂലം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു യുവാവ് നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നൽകിയതോടെ യുവാവിലേക്ക് പൊലീസ് എത്തിയത്.