കർഷകരുടെ ഡൽഹി മാർച്ച് തൽക്കാലം നിർത്തി, 101 ക‌ർഷകരെ തിരിച്ചുവിളിച്ചു, നടപടി കേന്ദം ചർച്ചയ്ക്ക് തയ്യാറായതോടെ

Advertisement

ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ഡൽഹി മാർച്ച് തൽക്കാലം നിർത്തിവെച്ചു. ഡൽഹി ചലോ മാ‍ർച്ച് നടത്തുന്ന 101 ക‌ർഷകരെ നേതാക്കൾ തിരിച്ചുവിളിച്ചു. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദം തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം.

മാർച്ച് പുരോഗമിക്കവേയാണ് കർഷകരുമായി ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. വാതിലുകൾ ചർച്ചയ്ക്കായി തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൌധരി വ്യക്തമാക്കിയത്. അതിനിടെ അതിർത്തിയിൽ പൊലീസ് ടിയർ ​ഗ്യാസ് ഷെല്ലിം​ഗിൽ ആറ് കർഷകർക്ക് പരിക്കേറ്റു. ടിയർ ഗ്യാസ് ഷെല്ലിംഗ് നടത്തിയതോടെ സർക്കാറിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനായെന്നും കർഷക സംഘടനകൾ തുറന്നടിച്ചു.

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരാണ് ഡൽഹി മാർച്ച് നടത്തുന്നത്. മാർച്ച് നടത്തരുതെന്ന് കാണിച്ച് അംബാല പൊലീസും പഞ്ചാബ് പൊലീസും കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മാർച്ച് നടത്തുന്ന കർഷകരെ ഹരിയാന അതിർത്തിയിൽ ഹരിയാന പൊലീസ് തടഞ്ഞു. മേഖലയിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി.

അർദ്ധ സൈനിക വിഭാഗങ്ങളെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരി മുതൽ ശംഭു അതിർത്തിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്. ബാരിക്കേഡുകൾ തകർത്ത് ഡൽഹിക്ക് മാർച്ച് ഉദ്ദേശിക്കുന്നില്ലെന്നും സമാധാനപരമായ മാർച്ചാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു സമരത്തെ കുറിച്ച് കർഷക നേതാക്കൾ പ്രതികരിച്ചത്. ഡൽഹിക്ക് പോകാൻ സർക്കാർ അനുവദിക്കുമെന്നാണ് കരുതുന്നതെന്നും ചർച്ചയുടെ വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണെന്നും കർഷക നേതാവ് സർവാൻ സിംഗ് പാഥേർ വ്യക്തമാക്കി.