പാക്കിസ്ഥാനിൽ മസൂദ് അസ്ഹറിന്റെ പ്രസംഗം, ദൃശ്യങ്ങൾ ഭീകരസംഘടനകളുടെ ഓൺലൈൻ കൂട്ടായ്മയിൽ: നടപടി ആവശ്യപ്പെട്ട് ഇന്ത്യ

Advertisement

ന്യൂഡൽഹി: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പാക്കിസ്ഥാനോടു ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടന്ന സമ്മേളനത്തിൽ മസൂദ് അസ്ഹർ പ്രസംഗിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണു ഇന്ത്യ ശക്തമായി പ്രതികരിച്ചത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് അത് തുറന്നുകാട്ടുന്നതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മസൂദ് പാക്കിസ്ഥാനിൽ ഇല്ലെന്ന വാദം ഇതോടെ പൊളിയുകയാണ്. ഇന്ത്യൻ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ മസൂദിനു പങ്കുണ്ട് – ജയ്സ്വാൾ പറഞ്ഞു.

പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെയുള്ള കേസുകളിൽ പ്രതിയായ മസൂദ് അസ്ഹറിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഭീകരസംഘടനകളുടെ ഓൺലൈൻ കൂട്ടായ്മയിലാണു പ്രത്യക്ഷപ്പെട്ടത്. ഇത് എന്നു ചിത്രീകരിച്ചതാണെന്നു വ്യക്തമല്ല. രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇത്തരമൊരു വിഡിയോ ദൃശ്യം മസൂദിന്റേതായി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടം ഊർജിതമാക്കാൻ പ്രസംഗത്തിൽ മസൂദ് ആഹ്വാനം ചെയ്യുന്നുണ്ട്.

സിറിയയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അവിടെയുള്ള ഇന്ത്യക്കാരുമായി ബന്ധം പുലർത്തന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ യുഎൻ വിഭാഗങ്ങളിൽ സേവനം ചെയ്യുന്നവർ ഉൾപ്പെടെ 90 ഇന്ത്യക്കാരാണ് ഇപ്പോൾ സിറിയയിലുള്ളത്.

വിദേശകാര്യ സെക്രട്ടറിമിശ്രി ബംഗ്ലദേശിലേക്ക്

∙ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തിങ്കളാഴ്ച ബംഗ്ലദേശ് സന്ദർശിക്കും. ബംഗ്ല വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസുമായി ചർച്ച നടത്തുമോ എന്നതു വ്യക്തമല്ല. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റ്, അഗർത്തലയിലുള്ള ബംഗ്ലദേശ് അസി. ഹൈക്കമ്മിഷൻ ഓഫിസിനു നേരെയുണ്ടായ അതിക്രമം എന്നിവയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണു വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം.