മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷ്ടാക്കൾ കവർന്നത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ. മൊബൈൽ ഫോണുകളും, സ്വർണ്ണമാലകളും, പേഴ്സും പണവുമടക്കം മോഷണം പോയതായി പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ലക്ഷണങ്ങളുടെ മോഷണം നടന്നത്.
വിവധ പരാതികളിൽ അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആസാദ് മൈതാൻ പൊലീസ് അറിയിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും ഏക്നാഥ് ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും സിനിമ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമടക്കം പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിയടക്കം എത്തുന്ന ചടങ്ങായതിനാൽ സുരക്ഷക്കായി 4000ലേറെ അധികം പൊലീസുകാരെയാണ് വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. ചടങ്ങ് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങവേയാണ് മോഷണം നടന്നത്. മൈതാനത്തിലെ ഗേറ്റ് രണ്ടിലൂടെ പുറത്തിറങ്ങിയവരാണ് പരാതിക്കാർ ഏറെയും. പേഴ്സും സ്വർണമാലകളും കൈചെയിനുമടക്കം 12 ലക്ഷത്തിന്‍റെ സാധനങ്ങൾ മോഷണം പോയതായാണ് ഇതുവരെ ലഭിച്ച പരാതി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മോഷ്ടാക്കളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.