ബെംഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ ആരോപണമുന്നയിച്ച് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഡ്ജിക്കെതിരെ ആരോപണവുമായി യുവാവിന്‍റെ പിതാവ്. ഒന്നിലധികം കേസുകൾ ഭാര്യ നൽകിയതിനെത്തുടർന്ന് മകൻ തകർന്നതായി അതുൽ സുഭാഷിൻ്റെ പിതാവ് പറഞ്ഞു. കേസ് തീർപ്പാക്കാൻ മേൽനോട്ടം വഹിക്കുന്ന ജഡ്ജി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പിതാവ് ആരോപിച്ചു. ഇക്കാര്യം മകന്‍ പറഞ്ഞതായും ഇയാള്‍ പറഞ്ഞു. മധ്യസ്ഥതയുമായി മുന്നോട്ട് പോയപ്പോൾ 20,000 രൂപ വേണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് 40000 വേണമെന്നും പിന്നീട് 5 ലക്ഷം രൂപ നൽകണമെന്നും ജഡ്ജി ആവശ്യപ്പെട്ടതായി പിതാവ് ആരോപിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജരായ 34 കാരനായ അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യക്കും ഭാര്യകുടുംബത്തിനുമെതിരെ 24 പേജുള്ള കുറിപ്പും ഇയാള്‍ എഴുതി വെച്ചിരുന്നു. കൊലപാതക ശ്രമം, ലൈംഗികാതിക്രമം, പണത്തിനുവേണ്ടിയുള്ള പീഡനം, ഗാർഹിക പീഡനം, സ്ത്രീധനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഭാര്യ തനിക്കെതിരെ ഒമ്പത് കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചു.
അതുലിന്റെ മരണത്തിന്റെ ഭാര്യക്കും ബന്ധുക്കൾക്കും ഉത്തർ പ്രദേശിലെ ജാനൂൻപൂരിലെ കുടുംബ കോടതി ജഡ്ജിനും എതിരെ രൂക്ഷമായ വിമർശനമാണ് അതുൽ മരണത്തിന് മുൻപായി ഉന്നയിച്ചത്. അതുലിന്റെ ഭാര്യ നികിത സിംഹാനിയ, ഭാര്യാമാതാവ് നിഷ, ഭാര്യ പിതാവ് അനുരാഗ്, ഭാര്യയുടെ അടുത്ത ബന്ധു സുഷീൽ എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.
മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ വിശദമാക്കുന്നത്. ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളിൽ തിങ്കളാഴ്ചയാണ് അതുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുൻപായി 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.