പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനെ ഹൈദരാബാദിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.
താരത്തെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അല്ലുഅര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയും അച്ഛന്‍ അല്ലു അരവിന്ദും സഹോദരനുമെല്ലാം വീട്ടിലുണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ബെഡ്‌റൂമിന് അടുത്തുവരെ എത്തി കസറ്റഡിയില്‍ എടുത്തത് ശരിയായില്ല എന്നാണ് താരം പൊലീസിനോട് പറഞ്ഞത്.
അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ ചിക്കടപള്ളി പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വേദ്യ പരിശോധനയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.