ന്യൂ ഡല്‍ഹി: ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി ജെ പി രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച അദ്ദേഹം ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യവും തന്റെ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി വരച്ചുകാട്ടി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യില്‍പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ആര്‍ എസ് എസ് വിഡി സവര്‍ക്കര്‍ക്കെതിരേയും അദ്ദേഹം നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ലെന്ന് സവര്‍ക്കര്‍ തന്റെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.
‘നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയില്‍ നിന്ന ഒന്നുമില്ലെന്ന് സവര്‍ക്കര്‍ തന്റെ രചനകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങള്‍ പാര്‍ലമെന്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുകയാണ്,’ ബി ജെ പിയെ ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതില്‍ ഇന്ത്യയില്‍ നിന്നുള്ള ഒന്നുമില്ല എന്നതാണ്. നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധിക്കപ്പെടുന്നതും പുരാതന കാലം നമ്മുടെ സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും ചിന്തകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അടിസ്ഥാനമായി മാറിയതുമായ ഗ്രന്ഥമാണ് മനുസ്മൃതി. ഈ പുസ്തകം, നൂറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തിന്റെ ആത്മീയവും ദൈവികവുമായ യാത്രയെ ക്രോഡീകരിച്ചു. ഇന്ന് മനുസ്മൃതി നിയമമാണ്.’ സവര്‍ക്കറുടെ വാക്കുകള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉദ്ധരിച്ചു. നമ്മുടെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് സവര്‍ക്കര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന തുറക്കുമ്പോള്‍, അംബേദ്കര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ശബ്ദവും ആശയങ്ങളും നമുക്ക് കേള്‍ക്കാനാകും.ഭരണഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്, എന്നാല്‍ പുരാതന ഇന്ത്യയുടെ ആശയങ്ങള്‍ ഇല്ലാതെ അത് ഒരിക്കലും എഴുതപ്പെടില്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു.