‘നിങ്ങൾ കീഴടങ്ങുന്നോ? അതോ, ഞങ്ങൾ നിങ്ങളെ തുടച്ചു മാറ്റണോ?’; 1971 യുദ്ധത്തിൻറെ ഓർമ പുതുക്കി രാജ്യം

Advertisement

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിൻറെ കരുത്തിനും മനോബലത്തിലും മുന്നിൽ പാകിസ്ഥാൻ പരാജയപ്പെട്ട യുദ്ധമാണ് 1971ലേത്. കര – നാവിക – വ്യോമസേനകൾ അവരുടെ കരുത്ത് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്ത യുദ്ധം. ബംഗ്ലാദേശ് എന്ന രാജ്യത്തിൻറെ പിറവിക്ക് കൂടി കാരണമായ യുദ്ധത്തിൻറെ അൻപത്തിമൂന്നാം വാർഷികത്തിൽ ധീരസൈനികരുടെ ഓർമ്മ പുതുക്കുകയാണ് രാജ്യം.

ലോകത്ത് നടന്ന യുദ്ധങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധം, കേവലം പതിമൂന്ന് ദിവസമാണ് ഇത് നീണ്ടുനിന്നത്. 1971ലെ യുദ്ധം അവസാനിച്ചപ്പോൾ ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിൻറെ പിറവി കൂടി ലോകം കണ്ടു. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ കിഴക്കൻ മേഖലയിൽ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യ – പാക് യുദ്ധത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളുടെ വരവ് വർധിച്ചതോടെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർദ്ദേശിച്ചിരുന്നു.

ഇതിനായി റഷ്യയടക്കം രാജ്യങ്ങളുടെ പിന്തുണ ഇന്ദിരാ ഗാന്ധി ഉറപ്പാക്കി. യുദ്ധത്തിനായി സന്നാഹവുമായി കരസേന തയ്യാറാക്കിയിരിക്കെ 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്ഥാൻ ആക്രമിച്ചതോടെ ഇന്ത്യയും യുദ്ധം പ്രഖ്യാപിച്ചു. കരയിലും ആകാശത്തും പാകിസ്ഥാൻ ഇന്ത്യൻ സൈനിക ശക്തിയുടെ ചൂടറിഞ്ഞു. അന്നു തന്നെ ബംഗ്ലാദേശിലുള്ള ബ്രാഹ്മണ്ബൈറ ജില്ലയിലെ ഗംഗസാഗറിൽ പാക് സൈന്യത്തിന്റെ ഒളിത്താവളത്തിലേക്ക് ഇന്ത്യൻ സൈനികർ പാഞ്ഞെത്തി. ബങ്കറിൽ പതിയിരുന്ന ഇന്ത്യൻ സൈനികർക്ക് നേരെ ഒളിയുദ്ധം നടത്തിയ പാക് സൈനികരെ തൻറെ ധീരതകൊണ്ട് കീഴടക്കിയ ലാൻസ് നായക് ആൽബർട്ട് ഏക്ക അടക്കം നിരവധി സൈനികരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ല.

പരംവീർ ചക്ര നൽകി ലാൻസ് നായക് ആൽബർട്ട് ഏക്കയെ രാജ്യം ആദരിച്ചു. യുദ്ധത്തിൽ 90,000 ലേറെ പാകിസ്ഥാനി സൈനികർ കൊല്ലപ്പെട്ടു. അന്നത്തെ കരസേന മേധാവി ജനറൽ സാം മനേക്ഷാ ‘നിങ്ങൾ കീഴടങ്ങുന്നോ? അതോ, ഞങ്ങൾ നിങ്ങളെ തുടച്ചു മാറ്റണോ?’ എന്ന അന്ത്യശാസനം പാക് സേനയക്ക് നൽകി. പിന്നാലെ പാക് സൈനിക മേധാവി ജനറൽ ആമിർ അബ്‍ദുള്ള ഖാൻ നിയാസിയും സൈനികരും ഇന്ത്യക്ക് മുന്നിൽ അടിയറവ് പറഞ്ഞു. യുദ്ധ വിജയം ഇന്ദിരാ ഗാന്ധിയുടെ നയതന്ത്ര രാഷ്ട്രീയ ഇച്ഛാശക്തിയായി കൂടി ചരിത്രം രേഖപ്പെടുത്തി. കാലം എത്ര കഴിഞ്ഞാലും ആ യുദ്ധവിജയം ഇന്ത്യൻ ചരിത്രത്തിൽ സുവർണ്ണശോഭയായി നിലനിൽക്കും.