കുഞ്ഞുണ്ടാകാനായി മന്ത്രവാദ പൂജ; ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

Advertisement

കുഞ്ഞുണ്ടാകാനായി നടത്തിയ മന്ത്രവാദ പൂജയുടെ ഭാഗമായി ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഈ സാഹസത്തിന് യുവാവ് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ചിന്ത്കലോ ഗ്രാമത്തിലെ ആനന്ദ് യാദവ് എന്ന 35കാരനാണ് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ അകത്താക്കിയതിനു പിന്നാലെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ആനന്ദ് കുഴഞ്ഞുവീഴുകയുമായിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിയില്‍ കുഴഞ്ഞുവീണെന്നാണ് ആനന്ദിനെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ആനന്ദിന് ജീവന്‍ അപ്പോഴേക്കും നഷ്ടമായിരുന്നു.
മരണകാരണം എന്താണെന്ന് വ്യക്തമാകാതെ ഡോക്ടര്‍മാരും കുഴങ്ങി. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ കഴുത്തിന്റെ ഭാഗം പരിശോധിച്ചപ്പോളാണ് ഉള്ളില്‍ കോഴിക്കുഞ്ഞിനെ കണ്ടത്. സമാന്യം വലുപ്പമുള്ള കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിന് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി.
ആനന്ദ് അമിതമായി അന്ധവിശ്വാസമുള്ളയാളായിരുന്നുവെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലാതായതോടെ ഇത് കൂടി. കുഞ്ഞുണ്ടാകാന്‍ വേണ്ടി പല മന്ത്രവാദങ്ങളും പൂജകളും ഇയാള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാകാം കോഴിക്കുഞ്ഞിനെ വിഴുങ്ങിയത് എന്നാണ് അയല്‍വാസികള്‍ പറയുന്നത്.