എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില അടുത്തവര്‍ഷം മുതല്‍ കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Advertisement

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില അടുത്തവര്‍ഷം മുതല്‍ കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അടുത്ത വര്‍ഷം മുതല്‍ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വില കുറയും. നിലവില്‍ വര്‍ഷത്തില്‍ അഞ്ചു കോടി പാഠപുസ്തകങ്ങളാണ് കൗണ്‍സില്‍ അച്ചടിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ശേഷി 15 കോടിയായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
പുസ്തകങ്ങളുടെ അച്ചടി വര്‍ധിക്കുന്നതിനാല്‍ സ്വാഭാവികമായി ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വില കുറയും. എന്നിരുന്നാലും രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ക്ലാസിലും പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) പ്രകാരം പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.