ന്യൂഡെല്‍ഹി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭൂരിപക്ഷ വോട്ടോടെയാണ് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ ബില്ല് അവതരിപ്പിച്ചത്. ബില്ല് ഭരണഘടനക്കും ഫെഡറൽ വ്യവസ്ഥക്കും എതിരെന്ന് പ്രതിപക്ഷം. ബില്ല് ജെ പി സി ക്ക് വിടും.
ചരിത്ര സന്ദർഭങ്ങൾക്കാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണത്തിലൂടെ സാക്ഷ്യം വഹിച്ചത്.സംസ്ഥാന നിയമസഭകളുടെയും ലോക്സഭയുടെയും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള 129 ഭേദഗതി ബില്ല്,
നിയമസഭകൾ ഉള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള ബില്ല് എന്നിവ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം സഭയുടെ മേശപ്പുറത്ത് വെച്ച് ഉടൻ തന്നെ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി.
ബില്ലവതരണത്തെ എതിർത്ത കോൺഗ്രസ് അംഗം അനീഷ് തിവാരി ഹ്രസ്വ ചർച്ച ആവശ്യപ്പെട്ടു.ഡി എം കെ,തൃണമൂൽ കോൺഗ്രസ്, സമാജ്വാതി പാർട്ടി,എൻസിപി അടക്കം ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ജെപിസിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് ആഭ്യന്തര മന്ത്രി അമിത്ഷയുടെ ഇടപെടൽ. മന്ത്രി സഭയോഗത്തിൽ പ്രധാനമന്ത്രി തന്നെ ബില്ല് ജെ പി സിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അമിത് ഷാ.
ബില്ല് ജെ പി സിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി.ബില്ല് അവതരണത്തിനായി ചരിത്രപരമായ വോട്ടെടുപ്പ്.ആദ്യമായി പാർലമെന്റിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചു വോട്ടെടുപ്പ് നടന്നു.
198 നെതിരെ 269 വോട്ടുകൾക്ക് ബില്ലിന് അവതരണനുമതി ലഭിച്ചു.ബില്ല് ജെപിസിക്ക് വിടുന്നതായി ഉള്ള പ്രമേയം അടുത്ത ദിവസം നിയമ മന്ത്രി അർജുൻ റാം മേഘവാൾ അവതരിപ്പിക്കും.