വനിതാമന്ത്രിയെ അപമാനിച്ചു; ബിജെപി നേതാവ് സി.ടി.രവി അറസ്റ്റിൽ

Advertisement

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചർച്ചയ്ക്കിടെ മോശം പരാമർശം നടത്തിയെന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ ബിജെപി എംഎൽസിയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി.രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് രവിക്കു മേൽ ചുമത്തിയിട്ടുള്ളത്. അംബേദ്കർക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന വാക്ക്പോരിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലഹരിമരുന്നിന് അടിമയാണെന്നു രവി ആരോപിച്ചിരുന്നു.

അതോടെ, ലക്ഷ്മി ഹെബ്ബാൾക്കർ രവിയെ കൊലയാളിയെന്നു വിളിച്ചു. രവിയുടെ കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഇത്. പ്രകോപിതനായ രവി, ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ആവർത്തിച്ച് മോശം പരാമർശം നടത്തുകയായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് അവർ. അതിനിടെ, ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. വിധാൻ സൗധയ്ക്കു പുറത്തു പാർക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാർ അടിച്ചുതകർത്തു. ഇരുസംഭവങ്ങളിലുമായി ഇരുപത്തഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here