രാസവസ്തുക്കൾ നിറച്ച ട്രക്കും ​ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം

Advertisement

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വൻ വാഹനാപകടം. ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേർ വെന്ത് മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തിലധികം വാഹനങ്ങൾ കത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

ജയ്പൂർ-അജ്മീർ ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. പെട്രോൾ പമ്പിന് സമീപം രാസവസ്തുക്കൾ നിറച്ച ട്രക്ക് ​ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 37 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഭാൻക്രോട്ട മേഖലയിലെ പെട്രോൾ പമ്പിലേയ്ക്ക് തീ പടർന്നതായി പൊലീസ് പറഞ്ഞു. ഇവിടെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തീപിടിത്തത്തിൽ കത്തിനശിച്ചു.

20 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സവായ് മാൻ സിംഗ് ആശുപത്രി സന്ദർശിക്കുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.