വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം എടുത്തുമാറ്റി കേന്ദ്രം

Advertisement

വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് പാലിച്ചിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ പാസും നല്‍കി ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി എടുത്തുകളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. അവര്‍ വീണ്ടും ആ വര്‍ഷം ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടതായി വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്നിരുന്നാലും, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വാര്‍ഷിക പരീക്ഷയിലും രണ്ടാമത് നടത്തിയ പരീക്ഷയിലും തോറ്റതിനെ തുടര്‍ന്ന് ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ക്ലാസ് ടീച്ചര്‍ മാര്‍ഗനിര്‍ദേശം നല്‍കണം. മൂല്യനിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങളിലെ പഠന വിടവുകള്‍ തിരിച്ചറിഞ്ഞ ശേഷം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here